എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ ഗവർണർ അനുശോചിച്ചു
തിരുവനന്തപുരം: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് മാനനീയ ശ്രീ. എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്ത സേവനത്തിന്റെ മഹത്തായ മാതൃക ജീവിതത്തിൽ പകർത്തിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണൻജിയെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മാർഗനിർദേശവും തലമുറകളിലെ പ്രവർത്തകരെ വളർത്തിയെടുക്കുകയും നിരവധി സേവാവ്രതികളെ സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും പാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയ്തു.
മാനനീയ ശ്രീ. ഏകനാഥ് റാനഡെജി, മാനനീയ ശ്രീ. പരമേശ്വർജി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളോടൊപ്പം അടുത്ത് പ്രവർത്തിച്ച ബാലകൃഷ്ണൻജി, വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയിരുന്നുവെന്നും ഗവർണർ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തോടെ രാഷ്ട്രത്തിന് ദീർഘവീക്ഷണമുള്ള ഒരു നേതാവിനെയും വിവേകാനന്ദ കേന്ദ്ര കുടുംബത്തിന് വഴികാട്ടിയായ മഹദ് വ്യക്തിത്വത്തെയും നഷ്ടമായിരിക്കുകയാണെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ബാലകൃഷ്ണൻജിയുടെ നിസ്വാർത്ഥ സേവനവും സമർപ്പിത ജീവിതവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും. ഭാരതമാതാവിന്റെ സേവനത്തിനായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ മഹത്തായ പൈതൃകം എന്നും വഴികാട്ടിയായി നിലകൊള്ളുമെന്നും ഗവർണർ പറഞ്ഞു.
********




